Monday, June 29, 2009

തേങ്ങ

കാന്റീനില്‍ ഉച്ചയൂണ് തയ്യാറാകുന്നതേയുള്ളൂ.
പരീക്ഷ ഒന്നരയ്ക്ക്.
ധാരാളം സമയമുണ്ട്.
തിരക്കില്ലാത്ത ഇടം. ഇരിപ്പിടവുമുണ്ട്.
പണ്ടൊരു പരീക്ഷത്തലേന്ന് ഡിസംബര്‍ ആറിന്റെ ഹര്‍ത്താല്‍ ദിനത്തില്‍
ട്രെയിനെത്തുംവരെ കണ്ണൂര്‍ സ്റ്റേഷനരികിലുള്ള ബാറില്‍ ബിയറും നുണഞ്ഞ്
ഷേക്‍സ്പിയറുടെ സോണറ്റുകള്‍ പഠിച്ചത് ഓര്‍മ്മ വരുന്നു.
കാല്‍ക്കീഴിലെ ഒരുപറ്റം പൂച്ചകള്‍ മാത്രമായിരുന്നു കൂട്ട്.
.
ഊണ് റെഡിയായി.
കൊക്കുകളെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ പണിക്കാരന്‍ മോര്,
രസം, സാമ്പാര്‍, എന്നിവ നിറച്ച വെള്ളമണ്‍പാത്രങ്ങള്‍ മേശകളില്‍ നിരത്തി.
ഒരു മണിക്കൂറോളം നേരം അവിടെ ഇരുന്ന വകയില്‍ ഞാന്‍ കുടിയാനായി.
അയാള്‍ ജന്മിയും.
.
പരിപ്പൊഴിച്ച് പപ്പടം പൊടിച്ച് ഉരുളയുരുട്ടുമ്പോഴുണ്ട് അതാ വരുന്നു
സഹൃദയനും സ്നേഹസമ്പന്നനുമായ ഒരു ചെറിയ മനുഷ്യന്‍.
എന്റെ അദ്ധ്യാപകന്‍.
റിട്ടയര്‍മെന്റു കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടുണ്ടാകും.
ശോഷിച്ച ശരീരം. ക്ഷീണിച്ച മുഖം.
ഇപ്പോള്‍ ഈ വിദൂര വിദ്യാഭ്യാസകേന്ദ്രത്തില്‍
വിരലിലെണ്ണാവുന്ന കോണ്ടാക്റ്റ് ക്ലാസ്സുകളില്‍
നരച്ച തലച്ചോറു തുറക്കുന്നു.
.
എന്തു ചെയ്യണം?
എഴുന്നേറ്റു ചെന്നു കൈ കൂപ്പണോ...
ഉച്ചത്തിലൊരു അഭിവാദ്യമര്‍പ്പിക്കണോ.
ഊണു കഴിക്കുകയല്ലേ. ഏതും അതു കഴിഞ്ഞാകാം.
അല്ലെങ്കില്‍ ഇങ്ങോട്ടു നോക്കുകയാണെങ്കില്‍ പുഞ്ചിരിയോടെ വന്ദിക്കാം.
അതുമല്ലെങ്കില്‍......
കാണാത്തമട്ടില്‍ മുഖം കുനിച്ചിരിക്കാം.
നാണമില്ലാത്തവനായ ഞാന്‍
അവസാനം തോന്നിയതാണ് ആദ്യം ചെയ്തത്.
ഊണില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി.
വറുത്ത മത്സ്യം, സാമ്പാര്‍, അവിയല്‍, പച്ചടി, തോരന്‍, പച്ചമോര്.....
നല്ല ഊണായിരുന്നു.
എന്നാല്‍ അനുസരണ തീരെയില്ലാത്ത എന്റെ കണ്ണുകള്‍
അദ്ദേഹത്തെത്തന്നെ വട്ടമിട്ടുകൊണ്ടിരുന്നു.
.
സാറിന്റെ ഊണ് അതിവേഗത്തിലായിരുന്നു.
കൈ കഴുകി ജൂബയില്‍ തുടച്ച്, തോളില്‍ തൂങ്ങുന്ന സഞ്ചിക്കുള്ളിലെക്ക്
പാതി കടത്തി അദ്ദേഹം മെല്ലെ കാഷ് കൌണ്ടറിനു നേരേ നടന്നു.
ഞാന്‍ വറുത്ത മത്തിയുടെ തലകൂടി കഴിക്കണോ വേണ്ടയോ എന്ന
(ഷേക്സ്പിയറുടെ ഭാഷയില്‍ പറഞ്ഞാല്‍ "to be or not to be")
മന:പ്രയാസത്തിലായിരുന്നു.
.
പൈസയ്ക്കുപകരം സഞ്ചിക്കുള്ളില്‍ നിന്നും പ്രയാസപ്പെട്ട്
സാര്‍ പുറത്തെടുത്തത് ഏതാനും പൊതിച്ച തേങ്ങകളായിരുന്നു!
കാന്റീന്‍ മുതലാളി അവ തിരിച്ചും മറിച്ചും കുലുക്കിയും നോക്കിയിട്ട്
പാചകക്കാരനു കൈമാറി.
അയാളും അവയെ തിരിച്ചും മറിച്ചും കുലുക്കിയും നോക്കി.
വിലയുറപ്പിച്ചു.
ഞാന്‍ ഞെട്ടിപ്പോയി.
എന്തൊരു കൊള്ള.
ഒരു പാവം മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ ഇങ്ങനെ ചൂഷണം ചെയ്യാമോ.
എന്നാല്‍ ഞാന്‍ ഒന്നും മിണ്ടാതെയിരുന്ന് പാത്രം വൃത്തിയാക്കി.
സാറിനെ അഭിവാദ്യം ചെയ്യാതിരുന്നതും മുഖം കൊടുക്കാതിരുന്നതും
എത്ര നന്നായി എന്നെനിക്കു തോന്നി.
.
വൃദ്ധനായ ആ അദ്ധ്യാപകന്‍ കാന്റീനുടമയോട് നന്ദി പറഞ്ഞുകൊണ്ട്
പുറത്തേക്കിറങ്ങി മറഞ്ഞു.
കാന്റീനുടമയും പാചകക്കാരനും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
എന്നിട്ട് “ *********** ************** ** “ എന്നു പറഞ്ഞു.
പാചകക്കാരന്‍ തേങ്ങകളുമായി അടുക്കളയിലേക്കു പോയി.
.
എനിക്ക് ഒന്നു കരഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.
.


"old man" - oil on canvas
(ആ ഓള്‍ഡ് മാനല്ല ഈ ഓള്‍ഡ് മാന്‍)
.

Tuesday, June 23, 2009

മഞ്ഞുരുകുന്നു


.
‘മഞ്ഞുകാലം’ എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍
അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും
മഞ്ഞു മെല്ലെ ഉരുകാന്‍ തുടങ്ങി.
മരച്ചില്ലകളാണ് ചിത്രത്തിനു ജീവന്‍ പകരാന്‍ ശ്രമിക്കുന്നത്.
ജീവന്റെ കുഞ്ഞു തുടിപ്പ്...
വയറത്ത് ചെവിചേര്‍ത്തു കേള്‍ക്കുമ്പോലെ.

ഇറ്റാലിയന്‍ ചിത്രകാരന്‍ ബോട്ടിസെല്ലിയുടെ
(Sandro Botticelli 1482–1486)
“വീനസിന്റെ പിറവി” എന്ന ചിത്രം

Monday, June 22, 2009

മഞ്ഞുകട്ടയ്ക്ക് പെയിന്റടി



മഞ്ഞുകാലം എന്ന ചിത്രത്തിന്റെ മൂന്നാം ദിവസത്തെ പെയിന്റിങ്
കടലില്‍ കായം കലക്കിയപോലെയായിപ്പോയി.
രണ്ടുമണിക്കൂര്‍ പണിയെടുത്തിട്ടും ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല.
മഞ്ഞും മരങ്ങളുമൊക്കെ ദാ, ഇപ്പൊ തീര്‍ത്തുകളയാമെന്നായിരുന്നു കരുതിയത്.
എന്നാല്‍ എന്റെ കാടും പടലുകളും ഒരു ബര്‍മുഡാ ത്രികോണം പോലെ
ചായക്കൂട്ടുകളെ അപ്രത്യക്ഷമാക്കിക്കളഞ്ഞു.
നാലാം ദിവസത്തെ മുഖ്യപണി മഞ്ഞുകട്ടയിലെ പെയിന്റടിയായിരുന്നു.
വിന്‍സൊ ഹോമറിനെ മനസ്സാ സ്മരിച്ചാണ് വെള്ള നിറം കയ്യിലെടുത്തത്.
.

അമേരിക്കന്‍ ചിത്രകാരനായ വിന്‍സോ ഹോമറിന്റെ
(Winslow Homer (February 24, 1836September 29, 1910)
‘കുറുക്കന്‍ വേട്ട’ എന്ന ചിത്രം.
.

Sunday, June 21, 2009

മഞ്ഞുകാലം - രണ്ടാം ദിവസം


ചെറിയ ചെറിയ ചായച്ചാര്‍ത്തുകള്‍.
ഒത്തുചേരുമ്പോള്‍ പിച്ചവയ്ക്കുന്നു - ഒരു ചിത്രം.
ഇം‌പ്രഷണിസ്റ്റുകളും സൂറെയുമൊക്കെ വരയ്ക്കുമ്പോള്‍
എത്രമാത്രം ആനന്ദമനുഭവിച്ചിരുന്നെന്ന് ഇന്നലെ മനസ്സിലായി.
എന്നാല്‍ ഇന്നോ, പറ്റിയ മണ്ടത്തരമോര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചു.
മരങ്ങള്‍ക്കുപിന്നിലായി ഒരു പച്ചപ്രതലം നല്‍കിയിരുന്നെങ്കില്‍
ഇലകള്‍ വരയ്ക്കാന്‍ വളരെ എളുപ്പമായേനേ.
ഇപ്പോ, ഇലകള്‍ക്കിടയിലെ വിടവുകള്‍ നിറയ്ക്കാനാണ് പാട്.
പുറത്തെ മഴയുടെ ഒച്ച എന്റെ കരകരപ്പന്‍ ഫാനിനേക്കാള്‍ ഉച്ചത്തിലായി.
മഴത്തുള്ളികളെ എണ്ണിയെടുക്കലാകും ഇതിലും ഭേതമെന്നു തോന്നി.
എന്തായാലും ഇലകള്‍ വരച്ചു കഴിഞ്ഞതോടെ ആശ്വാസവും സന്തോഷവും
തിരികെക്കിട്ടി.
ഇനി മഞ്ഞുപാളികളും മരങ്ങളുടെ ശിഖരങ്ങളും വരയ്ക്കണം.
നാളെ.
.

“The Island of La Grande Jatte.“
ഇം‌പ്രഷനിസ്റ്റ് ചിത്രകാ‍രന്‍ സൂറെയുടെ (Georges Pierre Seurat) ചിത്രം.
(1860 മുതല്‍ 1890 വരെ ഫ്രാന്‍സില്‍ നിലനിന്നിരുന്ന ഒരു ചിത്രകലാപ്രസ്ഥാനമാണ്
ഇം‌പ്രഷനിസം. കാഴ്ചയിലെ പ്രകാശത്തെയും വസ്തുക്കളുടെ ചലനത്തെയും
ശാസ്ത്രീയമായി അപഗ്രഥിച്ചു വരയ്ക്കാനുള്ള ശ്രമമെന്ന നിലയില്‍ ഈ ശൈലിയെ
ഒപ്റ്റിക്കല്‍ റിയലിസമെന്നും വിളിക്കാറുണ്ട്.)
.

Saturday, June 20, 2009

മഞ്ഞുകാലം - ഒന്നാം ദിവസം


.
കിം കി ഡുക്കിന്റെ “സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിംഗ്” എന്ന ചിത്രമാണ് പ്രചോദനം.
ഋതുക്കള്‍ കൊണ്ടൊരു കളി.
ഇരുപത്തിനാലു ചിത്രങ്ങള്‍.
മാസത്തില്‍ രണ്ടെണ്ണം വച്ച് ഒരു വര്‍ഷം കൊണ്ടു തീര്‍ക്കണം.
കുറേ നാളായി ബ്രഷു പിടിക്കാത്ത കയ്യാണ്.
ചൂടായി വരാന്‍ സമയമെടുക്കും.
അപ്പോപ്പിന്നെ തുടക്കം ‘മഞ്ഞുകാല’ ത്തില്‍ നിന്നു തന്നെയാകാം.
ഇത് ഒന്നാം ദിവസം.
.

.